#india #Top News

റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെ യുവ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

മുംബൈ: പ്രമുഖ ട്രാവല്‍ വ്ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആന്‍വി കാംദാര്‍ മരണപ്പെട്ടു. വെള്ളച്ചാട്ടത്തില്‍ വീണ് പരിക്കേറ്റാണ് ആന്‍വി മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത കുംഭെ വെള്ളച്ചാട്ടത്തില്‍ വച്ച് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മുന്നൂറ് അടി താഴ്ചയിലേക്കാണ് യുവതി കാല്‍വഴുതി വീണത്. മുംബൈ സ്വദേശിയായ ആന്‍വിക്ക് 27 വയസായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ആന്‍വി ട്രാവല്‍ വ്ളോഗുകളിലൂടെ സുപരിചിതയായിരുന്നു. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ആണ് ആന്‍വിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്.

Also Read; കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ

സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുംഭെ വെള്ളച്ചാട്ടത്തിലേക്ക് ആന്‍വി എത്തിയത്. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആന്‍വി കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. തിരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായവും തേടിയിരുന്നു. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. 6 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി നിരവധി വ്ളോഗുകളും റീലുകളുമാണ് ആന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇവയില്‍ പല വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആന്‍വിയുടെ മരണത്തോടെ കുംഭെ വെള്ളച്ചാട്ടത്തിലേക്ക് താല്‍ക്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *