January 22, 2025
#kerala #Top Four

നിപ ; 15 കാരന് ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് പൂട്ട് തല്ലിപൊളിച്ച്, കുട്ടിയും ബന്ധുക്കളും കാത്തിരുന്നത് അരമണിക്കൂര്‍

കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സില്‍ കാത്തിരുന്നത് അരമണിക്കൂര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് ചുറ്റിക ഉപയോഗിച്ച് പൂട്ട് തല്ലിപൊളിച്ച്.

Also Read ; നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു

കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ് ഐസൊലേഷന്‍ വാര്‍ഡൊരുക്കുന്നത് താമസിപ്പിച്ചത്. കുട്ടിയെ മാറ്റുന്നതിനായി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അറിയിപ്പ് ലഭിക്കാന്‍ വൈകിയതും കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.) നിസ്സഹകരണവുമാണ് കാലതാമസം  ഉണ്ടാകാനുള്ള കാരണം.

അടിയന്തര സാഹചര്യത്തില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. വരുത്തിയ അലംഭാവമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഐസൊലേഷന്‍ വാര്‍ഡാക്കുന്നതോടെ വരുമാന നഷ്ടമുണ്ടാകുമെന്നതാണ് കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ നിസ്സഹകരണത്തിന് കാരണമായത്. ഇവര്‍ക്കുകീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് തന്നെയാണ്. എന്നാല്‍ നിപ, കോവിഡ് തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോഴെല്ലാം ഇവിടത്തെ പേവാര്‍ഡിലുള്ളവരെ ഒഴിപ്പിക്കുകയും ഐസൊലേഷന്‍ വാര്‍ഡാക്കി ഉപയോഗിക്കുകയും ചെയ്യുന്നതാണ് കെ.എച്ച്.ആര്‍.ഡബ്ല്യു.എസിനെ ചൊടിപ്പിച്ചത്. വരുമാനനഷ്ടമുണ്ടാകുന്നതോടെ ശമ്പളം കൊടുക്കാന്‍പോലും പ്രയാസമാകുന്നതാണ് കാരണം.

എന്നാല്‍ ഇവര്‍ താക്കോല്‍ തരാന്‍ തയ്യാറാവാതിരുന്നിട്ടും തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പധികൃതര്‍ ഇടപെടാന്‍ തയ്യാറാവാതിരുന്നതും സമയനഷ്ടമുണ്ടാക്കി. ഒടുവില്‍ പൂട്ട് പൊളിക്കുകയായിരുന്നു.കോവിഡ് കാലത്തിനുശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷന്‍ വാര്‍ഡ് പിന്നീടാണ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയത്. മെഡിക്കല്‍ കോളേജിലെ ശുചീകരണത്തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച് ശ്രമിച്ചതിനാലാണ് കാലതാമസം കുറയ്ക്കാന്‍ സാധിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കാലതാമസം  കാരണം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ മൂന്നുമണിക്കൂറോളം പി.പി.ഇ. കിറ്റിട്ട് ഇരിക്കേണ്ട സാഹചര്യവുമുണ്ടായി. രോഗബാധിതനായ കുട്ടിയോടൊപ്പം കൊണ്ടുവന്ന ബന്ധുക്കളും മറ്റൊരു ആംബുലന്‍സില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുന്‍പാണ് നിപ വാര്‍ഡിന്റെ ബോര്‍ഡ് വെച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *