January 22, 2025
#kerala #Top Four

നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരന് നിപ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രത്യേകിച്ച് പാണ്ടിക്കാട് ആനക്കയം പഞ്ചായത്തുകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്. ശനിയാഴ്ച വൈകീട്ടാണ് കുട്ടിക്ക് നിപ സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Also Read ; കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ് എഫ് ഐക്കാരുണ്ട്, വിവാദത്തില്‍പ്പെടുന്നവര്‍ നേതൃനിരയിലേക്ക് വരുന്നത് പരിശോധിക്കണം; ആര്‍ഷോയെ വേദിയിലിരുത്തി ബെന്യാമിന്റെ പ്രസംഗം

പാണ്ടിക്കാട് പഞ്ചായത്തില്‍ വിവാഹം, സല്‍ക്കാരം അടക്കമുള്ള പരിപാടികള്‍ക്ക് പരമാവധി 50 പേരെ മാത്രമെ അനുവദിക്കൂ. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുത്. പാണ്ടിക്കാടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തി.

ഈ മാസം 10-ന് സ്‌കൂളില്‍ നിന്ന് വന്ന കുട്ടിക്ക് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെടുകയായിരുന്നു.12ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലും 13-ന് പാണ്ടിക്കാട്ടെ മറ്റൊരു ആശുപത്രിയിലും ചികിത്സ തേടി. പനി മാറാത്തതിനാല്‍ വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം കണ്ടതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയെ രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

കുട്ടി ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍ പാണ്ടിക്കാട്, ഡോ. വിജയന്‍സ് ക്ലിനിക്, പികെഎം ഹോസ്പിറ്റല്‍, പീഡിയാട്രിക് ഒപി, മൗലാന ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഐസിയു എന്നിവിടങ്ങളില്‍ ജൂലൈ 11 മുതല്‍ 15 വരെയുളള തിയതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് ആ സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരും അടുത്തിടപഴകിയ 60 പേരുമാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം എന്നും അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നും അധികൃതര്‍ അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. അതിനിടെ ഓസ്ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ഇന്ന് എത്തും.

 

Leave a comment

Your email address will not be published. Required fields are marked *