#news #Top Four

നാലുവര്‍ഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പുറത്തുവരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനമായത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക.

Also Read; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തും

സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും സ്വകാര്യത ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം കെ.കെ രമ എംഎല്‍എ നിയമസഭയിലും ഉന്നയിച്ചിരുന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26 നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്. കൈമാറുന്ന പകര്‍പ്പില്‍ നിന്നും 49-ാം പേജിലെ 96-ാം ഖണ്ഡികയും 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ 300 പേജുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് വൈകിട്ട് പുറത്തുവരിക.

Leave a comment

Your email address will not be published. Required fields are marked *