ഹിമാചലിലെ കുളു ജില്ലയില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും; മണാലി ദേശീയ പാത അടച്ചു
കുളുമണാലി: ഹിമാചലിലെ കുളു ജില്ലയില്‍ മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സ്ഥലത്ത് വ്യാപക നാശനഷ്ടം. ഇത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയ പാത എന്‍എച്ച് 03 ലേ-മണാലി റോഡ് അടച്ചു. അപകടത്തില്‍ മൂന്ന് വീടുകള്‍ ഒലിച്ച് പോവുകയും രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകരുകയും ചെയ്തു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
അതേ സമയം അടല്‍ ടണലിന്റെ നോര്‍ത്ത് പോര്‍ട്ടല്‍ വഴി ലാഹൗളില്‍ നിന്നും സ്പിതിയില്‍ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി ലാഹൗള്‍, സ്പിതി പോലീസ് പറഞ്ഞു.
അത്യാവശ്യ യാത്രകളൊഴികെ മണാലിയിലേക്കുള്ള മറ്റെല്ലാ വാഹനങ്ങളും തിരിച്ച് മടങ്ങണമെന്നും പോലീസ് നിര്‍ദേശം നല്‍കി. ഹിമാചലിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്. ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 27 ന് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ ആകെ 49 പേര്‍ മരിച്ചിട്ടുണ്ട്. ഏകദേശം 389 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും സംസ്ഥാന ദുരന്ത നിവാരണ സേന പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..