ഇ-ഫയലിംഗ് പണിമുടക്കി; സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം

തിരുവനന്തപുരം: രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം. ഇതോടെ ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകാതെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. എന്‍ഐസിക്കും ഇതുവരെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്.
ഇ-ഫയലിംഗ് സംവിധാനത്തില്‍ ഒന്നരമാസം മുമ്പ് പുനക്രമീകരണം കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ രണ്ടു ദിവസമായിട്ടും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താന്‍ പോലും എന്‍ഐസിക്ക് കഴിഞ്ഞിട്ടില്ല. ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. തുടര്‍ന്ന് ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫാമാറ്റിക് സെന്ററിനെ വിവരമറിയിച്ചു.
ഐടി സെക്രട്ടറി വിളിച്ച യോഗത്തില്‍ എന്‍ഐസി ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ക്കുവരെയുണ്ടായി. സെക്രട്ടേറിയറ്റിന്റെ പൂര്‍ണമായും ഇ-ഫയലിലായതിനാല്‍ തുടര്‍ന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല. പിന്‍ഫയലുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതുകൊണ്ടാണ് തുടര്‍ നീക്കവും തടസപ്പെടുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കിപ്പോള്‍ പണിയില്ല. സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ്. ഫയല്‍ നീക്കം നിലച്ചതിനാല്‍ സംഘടനാ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെല്ലാം വകുപ്പുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്ന തിരിക്കിലാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..