#india #kerala #Top News

‘കേന്ദ്രം ഫണ്ട് തടഞ്ഞെന്ന് സംസ്ഥാനം’; ആറായിരത്തോളം ജീവനക്കാര്‍ ആശങ്കയില്‍

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സമഗ്രശിക്ഷാ കേരള (എസ്എസ്‌കെ) പ്രോജക്ടിലെ ആറായിരത്തോളം ജീവനക്കാര്‍ മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിവിഹിതം തടഞ്ഞതാണ് കാരണമായി പറയുന്നത്. എസ്എസ്‌കെ ഫണ്ടിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവുമാണു വഹിക്കുന്നത്.

Also Read ; ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ബാധകമല്ല : ധനമന്ത്രാലയം

കേന്ദ്രവിഹിതമായി 168 കോടി രൂപ കിട്ടാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളം ഇതുവരെ ചേര്‍ന്നിട്ടില്ലാത്തതാണു കാരണം. ഏപ്രില്‍ മുതലാണു ശമ്പളം വൈകിത്തുടങ്ങിയത്. ഇക്കുറി മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ വന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. അടുത്തമാസത്തെ ശമ്പളവിതരണത്തിനുള്ള നടപടിക്രമങ്ങള്‍ 22ന് തുടങ്ങേണ്ടതായിരുന്നെങ്കിലും ഈമാസം ഇതും മുടങ്ങിയിരിക്കുകയാണ്.

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാര്‍, സ്‌പെഷലിസ്റ്റ് അധ്യാപകര്‍, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍, എംഐഎസ് കോഓര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ്, ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി നാലായിരത്തോളം പേരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡപ്യുട്ടേഷനിലെത്തിയ രണ്ടായിരത്തോളം അധ്യാപകര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കേരള സ്റ്റേറ്റ് എജ്യുക്കേഷനല്‍ പ്രോജക്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ആയിരത്തോളം ജീവനക്കാര്‍ അടുത്തമാസം ഒന്നിന് പണിമുടക്കി ജില്ലാ പ്രോജക്ട് ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *