#india #Top Four

ഡല്‍ഹിയില്‍ കനത്ത മഴ ; ഓടയില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു, മഴക്കെടുതിയില്‍ മരണം ഏഴായി

ഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. ഡല്‍ഹിയില്‍ നിലവില്‍ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും വീടുകളില്‍ തന്നെ കഴിയാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു.

Also Read ;കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ കനക്കും ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

മഴക്കെടുതിയില്‍ ഡല്‍ഹിയില്‍ രണ്ട് പേരും ഗുരുഗ്രാമില്‍ മൂന്ന് പേരും ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് പേരുമാണ് മരിച്ചത്. ഡല്‍ഹിയില്‍ വെള്ളക്കെട്ടുള്ള അഴുക്കുചാലില്‍ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിക്കുകയായിരുന്നു. ഗാസിപൂര്‍ മേഖലയിലാണ് സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ 22 വയസ്സുള്ള തനൂജയും മൂന്ന് വയസ്സുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറടി വീതിയില്‍ 15 അടി താഴ്ചയുള്ള നിര്‍മാണം നടക്കുന്ന ഓടയിലാണ് അമ്മയും കുഞ്ഞും വീണത്. ഗുരുഗ്രാമില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈ ടെന്‍ഷന്‍ കമ്പിയില്‍ തട്ടി മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ ദാദ്രി മേഖലയില്‍ മതില്‍ ഇടിഞ്ഞുവീണാണ് രണ്ട് പേര്‍ മരിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ എട്ട് വിമാനങ്ങള്‍ ജയ്പൂരിലേക്കും രണ്ടെണ്ണം ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. വിമാന സര്‍വ്വീസുകളെ മഴ ബാധിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഡല്‍ഹിയില്‍ കനത്ത മഴ ഓഗസ്റ്റ് 5 വരെ തുടരും. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

സഫ്ദര്‍ജംഗില്‍ ഇന്നലെ വൈകിട്ട് 5.30നും 8.30നും ഇടയില്‍ 79.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. മയൂര്‍ വിഹാറില്‍ 119 മില്ലീമീറ്ററും പൂസയില്‍ 66.5 മില്ലീമീറ്ററും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ 77.5 മില്ലീമീറ്ററും പാലം ഒബ്‌സര്‍വേറ്ററിയില്‍ 43.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

 

Leave a comment

Your email address will not be published. Required fields are marked *