#kerala #Top Four

വയനാടിന് സഹായഹസ്തവുമായി താരങ്ങള്‍ ; 35 ലക്ഷം രൂപ കൈമാറി മമ്മൂട്ടിയും ദുല്‍ഖറും

വയനാട്: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാക്കിയ ആഘാതത്തില്‍ ജീവിതവും ജീവനും നഷ്ടപ്പെട്ടവരെ കരകയറ്റാന്‍ സുമനസ്സുകളുടെ സഹായം തേടിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.

Also Read ; തൃശൂര്‍ അകമലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കളക്ടര്‍

മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്.

ആംബുലന്‍സ് സര്‍വീസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, ആവശ്യമായ പാത്രങ്ങള്‍, കുപ്പിവെള്ളം, കുടിവെള്ള ടാങ്കര്‍ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയര്‍ ആന്‍ഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം കേരളത്തിന്റെ ദുരിതത്തില്‍ പങ്കുചേര്‍ന്ന് തമിഴ് സിനിമാ താരങ്ങളായ സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം കൈമാറി.ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തങ്ങളുടെ വേദനയും അനുശോചനവും താരങ്ങള്‍ അറിയിച്ചു. 2018 ലെ പ്രളയകാലത്തും താരങ്ങള്‍ കേരളത്തിന് കൈത്താങ്ങായിട്ടുണ്ട്.

കൂടാതെ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. നേരത്തേ തമിഴ് നടന്‍ വിക്രം വയനാടിനായി 20 ലക്ഷം രൂപ നല്‍കിയിരുന്നു. തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ നല്‍കുകയും ചെയ്തിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *