November 21, 2024
#kerala #Top Four

ദുരന്തഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്താത്തവരെ മരിച്ചവരായി കണക്കാക്കണം

തിരുവനന്തപുരം : വയനാട്ട് ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനാവാത്തവരെ മരിച്ചവരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കും. സാധാരണ ഒരാളെ കാണാതായി 7 വര്‍ഷം കഴിഞ്ഞാല്‍ കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമെ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവൂ എന്നാണ് വ്യവസ്ഥ.

Also Read ; ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ്

മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ മാത്രമാണ് അവകാശികള്‍ക്കു നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കുമ്പോള്‍ അവ കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകളും അറിയിക്കുമെന്നാണു സൂചന.

നേരത്തെ കേരളത്തില്‍ ഓഖിയിലും പ്രളയത്തിലും കാണാതായവരുടെ ആശ്രിതര്‍ക്കു മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ റജിസ്ട്രാര്‍മാര്‍ക്ക് ചീഫ് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.പ്രകൃതിദുരന്തങ്ങളില്‍ കാണാതാകുന്നവരെക്കുറിച്ച് കൃത്യമായ അന്വേഷണവും നടപടികളും പൂര്‍ത്തീകരിച്ച ശേഷം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാം. കാണാതായതു സംബന്ധിച്ച് അടുത്ത ബന്ധുവിന്റെ പരാതിയില്‍ പോലീസ് കേസ്, നോട്ടറി പബ്ലിക്കിന്റെ സത്യവാങ്മൂലം തഹസില്‍ദാരുടെയോ സബ് ഡിവിഷനല്‍ മജിസ്ട്രട്ടിന്റെയോ ഉത്തരവ്, പത്രങ്ങളിലും ഗസറ്റിലും വിജ്ഞാപനം അനുവദിക്കാന്‍ 30 ദിവസം സമയം തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയാണു നഷ്ടപരിഹാരം നല്‍കിയത്. ഈ തുക മാതാപിതാക്കള്‍ക്കും ജീവിതപങ്കാളിക്കും മക്കള്‍ക്കുമായി പങ്കുവച്ചാണു നല്‍കിയത്. 5 വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണു പണം അക്കൗണ്ടുകളിലേക്കു കൈമാറിയത്. പ്രതിമാസമുള്ള പലിശ ആശ്രിതര്‍ക്ക് എടുക്കാം. മക്കള്‍ക്ക് വിവാഹ ആവശ്യത്തിനു പണം പിന്‍വലിക്കാനും അനുമതി നല്‍കിയിരുന്നു.കൂടാതെ ഇവരുടെ സ്വര്‍ണപ്പണയം ഒഴികെയുള്ള വായ്പകളെല്ലാം എഴുതിത്തള്ളാനും തീരുമാനിച്ചു. തിരിച്ചടയ്ക്കാനുള്ള മുതലിന്റെ 60% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യില്‍നിന്നാണു കൈമാറിയത്. ബാക്കി തുക ബാങ്കുകള്‍ സ്വയം എഴുതിത്തള്ളുകയും പലിശയും പിഴപ്പലിശയും വേണ്ടെന്നുവയ്ക്കുകയും വേണമെന്നായിരുന്നു നിര്‍ദേശം.

 

Leave a comment

Your email address will not be published. Required fields are marked *