അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരമാണോ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങളുള്ള നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ യുവാക്കള്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര കണ്ണറവിളയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്ന് സംശയിക്കുന്നതിനിടെയാണ് പനിബാധിതരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
Also Read; വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി
കണ്ണറവിള, അനുലാല്‍ ഭവനില്‍ അഖില്‍(27) ആണ് കഴിഞ്ഞ മാസം 23ന് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍ കുളത്തിലാണ് മരിച്ച അഖില്‍ കുളിച്ചിരുന്നത്. അഖിലിന് മസ്തിഷ്‌ക ജ്വരമാണെന്നാണ് ആരോഗ്യവകുപ്പ് സംശയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമാന രോഗലക്ഷണങ്ങളുമായി യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
അഖിലിന്റെ മരണത്തെ തുടര്‍ന്ന് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെത്തി കാവിന്‍കുളത്തില്‍ നോട്ടീസ് പതിപ്പിക്കുകയും അതിയന്നൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ കുളത്തില്‍ നെറ്റ് കെട്ടി അടയ്ക്കുകയും ചെയ്തു. കൂലിപ്പണിക്കാരനായ അഖിലിന് നേരത്തെ ജോലിക്കിടെ തലയ്ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. അഖില്‍ കുളിച്ചിരുന്ന ഈ കുളത്തില്‍ പനിബാധിതരായ യുവാക്കള്‍ നേരത്തെയോ, അതിനു ശേഷമോ കുളിച്ചിട്ടുണ്ടാവുമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. അവരെ വെണ്‍പകല്‍ സിഎച്ച്‌സിയില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..