ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇതുവരെ പരിശോധന നടത്താത്ത സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് തിരച്ചില്‍ നടത്തും
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇനിയും പരിശോധന നടത്താന്‍ എത്തിപ്പൊടാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ശക്തമാക്കും. സൂചിപ്പാറ മുതല്‍ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂര്‍ വരെയും ഇന്ന് തിരച്ചില്‍ നടത്തുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതുവരെ പരിശോധന നടത്താനാകാത്ത സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തിരച്ചില്‍ നടത്താനാണ് തീരുമാനം. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.
ചാലിയാര്‍ പുഴയുടെ ഇരു കരകളിലും സമഗ്രമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവിടെ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടില്‍ എത്തിച്ചേരുക. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുക. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പുനരധിവാസത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും. ദുരിതബാധിതരുടെ പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.
തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌ക്കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം നടത്തിയത്. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രിയോടെയാണ് പൂര്‍ത്തിയായത്. 158 ശരീര ഭാഗങ്ങള്‍ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെന്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിര്‍മ്മാണ പരിധി 10 ശതമാനം എന്നുള്ളത് വര്‍ദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയല്‍ വര്‍ക്ക് പരിധി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിത മേഖലയില്‍ 24 മണിക്കൂറും മൊബൈല്‍ പൊലീസ് പട്രോള്‍ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകര്‍ക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്, അങ്ങനെ ഉണ്ടായാല്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.