ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള കെട്ടിടങ്ങളുടെ ബാഹുല്യം
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള കെട്ടിടങ്ങളുടെ ബാഹുല്യം കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ മുതല്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളത്. അട്ടമലയിലും മുണ്ടക്കൈയിലും ചൂരമലയിലുമായി ആകെ ഉണ്ടായിരുന്നത് 2006 വീടുകളാണ്.
മുന്‍പ് പല തവണ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്കിയിരുന്നതെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ മനുഷ്യര്‍ ജീവിക്കാന്‍ കുടിയേറിയതിന് പുറമെ വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വ്യാപകമായി റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും അനുമതി കൊടുക്കുകയും ചെയ്തു. രണ്ടായിരത്തിലധികം വീടുകളാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ മാത്രം ഉണ്ടായിരുന്നതെന്നാണ് കണക്കുകള്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാര്‍ഡുകളില്‍ മാത്രം 2018 മുതല്‍ 2024 ജൂണ്‍ വരെ സ്പെഷ്യല്‍ റെസിഡന്‍ഷ്യല്‍ അധികൃതര്‍ അനുമതി നല്‍കിയത് റിസോര്‍ട്ടുകളും ഹോസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ്. ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് അഡ്വഞ്ജര്‍ ടൂറിസത്തിനും ട്രക്കിങിനുമായി ഓരോ മാസവും ഈ മലമുകളിലേക്ക് വന്ന് കൊണ്ടിരുന്നത്. അവരുടെ സുരക്ഷപോലും ഉറപ്പാക്കാതെ കനത്ത മഴയിലും ഇവിടങ്ങളില്‍ പ്രവേശനം തുടരുകയായിരുന്നു. ട്രക്കിങിനും അഡ്വഞ്ജര്‍ ടൂറിസത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടും റിസോര്‍ട്ടുകളിലെല്ലാം താമസക്കാരുണ്ടായിരുന്നു. അനധികൃത നിര്‍മാണത്തിലടക്കം തങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ ഉണ്ടെന്നും വനം വകുപ്പ് പറയുന്നു.





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































