#india #Top Four

രാജ്യം 78ാം സ്വാതന്ത്ര്യത്തിന്റെ നിറവില്‍ ; സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ പബ്ലിസിറ്റിയല്ല, മറിച്ച് രാജ്യത്തിന് വേണ്ടി : നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.

രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓര്‍ക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം ഏതേ പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വികസിത് ഭാരത് 2047 എന്നത് വെറും വാക്കുകളല്ല, മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണ്. വികസിത ഭാരതത്തിനായി ജനങ്ങള്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ഷകരും ജവാന്മാരും രാഷ്ട നിര്‍മ്മാണത്തില്‍ പങ്കാളികളായി. കൊറോണ കാലഘട്ടം നമുക്ക് എങ്ങനെ മറക്കാനാകും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നമ്മുടെ രാജ്യം വാക്സിനുകള്‍ നല്‍കി. ഇതേ രാജ്യത്തെയാണ് തീവ്രവാദികള്‍ ആക്രമിക്കുന്നത്. രാജ്യത്തെ സായുധ സേന സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും നടത്തുമ്പോള്‍, രാജ്യത്തെ യുവാക്കളില്‍ അഭിമാനം നിറയുന്നു.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, എംഎസ്എംഇ, ഗതാഗതം, കൃഷി, കാര്‍ഷിക മേഖലകള്‍ എന്നിങ്ങനെ സര്‍വ്വ മേഖലകളും ആധുനികവല്‍ക്കരിച്ചു. സാങ്കേതികവിദ്യയുടെ സമന്വയത്തിലൂടെ മികച്ചത് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് രാജ്യം ആഗ്രഹിക്കുന്നത്.

ലോകത്തിലെ ശക്തമായ ബാങ്കുകളില്‍ ഇന്ത്യന്‍ ബാങ്കുകളും ഇടംപിടിച്ചു. താഴെത്തട്ടിലാണ് നമ്മള്‍ പരിഷ്‌കാരങ്ങള്‍കൊണ്ടുവന്നത്. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ടി. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കേവലം മാധ്യമവാര്‍ത്തകള്‍ക്കോ പ്രശംസയ്‌ക്കോ വേണ്ടിയല്ലെന്ന് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. അത് രാജ്യത്തെ ശക്തിപ്പെടുത്താനാണ്.

‘കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 10 കോടി സ്ത്രീകള്‍ വനിതാ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. 10 കോടി സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുകയാണ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ കുടുംബത്തിലെ തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനത്തിന്റെ ഭാഗമാവുകയും ഇത് സാമൂഹിക മാറ്റത്തിന് കാരണവുകയും ചെയ്യുന്നു. ഇതുവരെയും, രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ക്ക് 9 ലക്ഷം കോടി അനുവദിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

മോദിയുടെ തുടര്‍ച്ചയായ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 6000 പ്രത്യേക അതിഥികള്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *