അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും ; ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ തിങ്കളാഴ്ച എത്തിക്കും, അതുവരെ ഡൈവ് ചെയ്ത് പരിശോധിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും. ഇന്ന് സ്വാതന്ത്ര്യ ദിനമായതിനാല്‍ തിരച്ചില്‍ ഉണ്ടാവില്ല. അതേസമയം തിങ്കളാഴ്ച ഗോവയില്‍ നിന്ന് ഡ്രഡ്ജിങ് സംവിധാനം എത്തിക്കുമെന്നാണ് വിവരം. അതുവരെ മേഖലയില്‍ ഈശ്വര്‍ മല്‍പെയുടേയും നേവിയുടേയും നേതൃത്വത്തില്‍ ഡൈവ് ചെയ്ത് തിരച്ചില്‍ നടത്താനാണ് തീരുമാനം.
എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറിയുടെ ജാക്കിയുള്‍പ്പെടെ കണ്ടെത്തെട്ടിയിട്ടും ഇന്ന് തിരച്ചില്‍ നടത്തുന്നില്ല. സ്വാതന്ത്ര്യ ദിന പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.പക്ഷേ അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കില്ലെന്നും ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അര്‍ജുന്റെ ട്രക്കില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് ദൗത്യത്തില്‍ നിര്‍ണായകമാണ്. കരയില്‍ നിന്നും 50 അടി മാറി 30 അടി താഴ്ചയില്‍ നിന്നാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. 10 അടി വ്യത്യാസത്തില്‍ മൂന്നിടങ്ങളില്‍ കയറിന്റെ ഭാഗമുണ്ടെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കുന്നു. ഇത് സൂചനയായി കണക്കാക്കിയാല്‍ തീര്‍ച്ചയായും ഈ മേഖലയില്‍ ട്രക്ക് ഉണ്ടാവാന്‍ തന്നെയാണ് സാധ്യത. നാളെ മുതല്‍ നടക്കുന്ന തിരച്ചില്‍ പൂര്‍ണമായും ഈ മേഖല കേന്ദ്രീകരിച്ച് ആയിരിക്കും.