75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മോദിയുടെ കസേര തെറിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. 75-ാം വയസില്‍ മോദി വിരമിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ കസേര തെറിക്കുമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. മോദിയുടെ 75-ാം പിറന്നാള്‍ സെപ്റ്റംബര്‍ 17ന് ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ആര്‍ എസ് എസ് പ്രചാരക സംസ്‌കാരത്തോട് പ്രതിബന്ധതയുള്ള മോദി സെപ്റ്റംബര്‍ 17ന് 75ലേക്ക് കടക്കുമ്പോള്‍ അധികാരത്തില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍, പ്രധാനമന്ത്രി കസേര മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെടും’ എന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചത്.
ഏതാനും നാളുകളായി നരേന്ദ്ര മോദിക്കെതിരെ സുബ്രഹ്‌മണ്യ സ്വാമി നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അടുത്തിടെ ജിഡിപി നിരക്കിനെ ചോദ്യം ചെയ്ത് സ്വാമി രംഗത്തെത്തിയിരുന്നു. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണ്. 2014 മുതലുള്ള ശരാശരി ജിഡിപി വളര്‍ച്ച പ്രതിവര്‍ഷം 5% മാത്രമാണ്, 2016 മുതല്‍ ഇത് പ്രതിവര്‍ഷം 3.7% ആണെന്നും സ്വാമി പറഞ്ഞിരുന്നു.
നേരത്തെ വ്‌ളാഡിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പഞ്ചതന്ത്ര കഥകളിലെ വവ്വാലെന്ന് വിശേഷിപ്പിച്ചും സ്വാമി രംഗത്തെത്തിയിരുന്നു. ലഡാക്കില്‍ ചൈന നടത്തിയ കടന്നുകയറ്റത്തില്‍ മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്നും സ്വാമി പറഞ്ഞിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബ്രിട്ടനില്‍ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം ഒമ്പതിന്റെയും 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി ആരോപിച്ചു. അഭിഭാഷകന്‍ സത്യ സഭര്‍വാള്‍ വഴി സമര്‍പ്പിച്ച ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..