യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

തിരുവനന്തപുരം : അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. കഴിഞ്ഞ ദിവസം ഒരു യുവനടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് രാജിവെച്ചത്. യുവനടിയായ രേവതി സമ്പത്താണ് ഇത്തരത്തില്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്താണ് ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായതെന്നാണ് നടി വ്യക്തമാക്കിയത്. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെന്നും പക്ഷേ ആരും അത് വിശ്വസിക്കാന്‍ തയ്യാറായില്ലായെന്നും നടി പറഞ്ഞു. കൂടാതെ പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read ; സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്
‘പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാന്‍ പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,’ രേവതി പറഞ്ഞു.
സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചയാളാണ് സിദ്ദിഖെന്നും അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി ആരോപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ തുറന്നുകാട്ടുന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ വ്യക്തികള്‍ക്കെതിരായ ആരോപണങ്ങളാണ് പ്രതിദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.