കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട് തന്നെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിരുന്നു.
Also Read ; മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും
നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം അറിയിച്ചത്. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായതിന് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് വരുന്ന ചിത്രങ്ങള്‍ ഇവര്‍ പങ്കുവെക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കല്ലുകളും മറ്റും ടൗണിലേക്ക് വന്നിരുന്നു. എന്നാല്‍ ചെളിയുടെ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടായതടക്കം ഉരുള്‍പൊട്ടലിന്റെ സൂചനകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം പ്രദേശത്ത് കടുത്ത മൂടല്‍മഞ്ഞും, ചെറിയ രീതിയിലുള്ള മഴയും നിലനില്‍ക്കുന്നുണ്ട്.
ടൗണിലെ വെള്ളം കുറയുകയും പുഴയിലെ വെള്ളം കുറയുകയും ചെയ്തെങ്കിലും ഉരുള്‍പ്പൊട്ടലുണ്ടായെന്ന ഉറപ്പിലാണ് നാട്ടുകാര്‍. നേരത്തെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.വിലങ്ങാട്ട് സമഗ്ര പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..