January 22, 2025
#Politics #Top Four

ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി അന്‍വറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്നാണ് കെ ടി ജലീല്‍ എംഎല്‍എയുടെ ആവശ്യം. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

IPS എന്ന മൂന്നക്ഷരത്തിന്റെ അര്‍ത്ഥം എന്താണ്?

സിവില്‍ സര്‍വീസ് പരീക്ഷയെഴുതി വിജയിക്കാന്‍ അത്യധ്വാനം ചെയ്ത് പഠിക്കുന്നതും ഐപിഎസ് പട്ടം നേടുന്നതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ത്വരകൊണ്ടാണെന്നാണ് നാം കരുതുക. സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങള്‍ അറിയുന്നവരാണോ ഉന്നതശ്രേണിയിലെ പോലീസ് ഉദ്യോഗസ്ഥര്‍? ഭൂരിപക്ഷം പേരും അങ്ങിനെ അല്ലെന്നാണ് പലരുടെയും അനുഭവം. പ്രാദേശിക രാഷ്ട്രീയക്കാര്‍ക്ക്, അവരേത് പാര്‍ട്ടിക്കാരാണെങ്കിലും പോലീസ് സ്റ്റേഷനില്‍ വിലയില്ലെങ്കില്‍ അവിടെപ്പിന്നെ കയറിപ്പറ്റുക നാട്ടിലെ മാഫിയാ സംഘങ്ങളും സമ്പന്നരുമായിരിക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് പോലീസ് ഓഫീസര്‍മാര്‍ക്ക് കത്തിയും കഴുത്തും കയ്യില്‍ വെച്ചു കൊടുത്താല്‍ അവരത് കൊണ്ട് നാട് നന്നാക്കുകയല്ല, സ്വന്തംവീട് നന്നാക്കുകയാണ് ചെയ്യുക.

Also Read; ഇ പിക്ക് പകരം ടി പി രാമകൃഷ്ണന്‍ ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍

IPS കാരായി റിട്ടയര്‍ ചെയ്തവരുടെ വീടും വീട്ടിലെ ഫര്‍ണിച്ചറുകളും, സ്വത്തും, സഞ്ചരിക്കുന്ന കാറും, ബിസിനസ് ബന്ധങ്ങളും, മക്കളുടെ ആഡംബര ജീവിതവും നിരീക്ഷിച്ചാല്‍ ആരൊക്കെയാണ് മര്യാദക്കാരായ കുഞ്ചിക സ്ഥാനീയരായ പോലീസ് ഓഫീസര്‍മാര്‍ എന്ന് ബോദ്ധ്യമാകും. എല്ലാവരും മോശക്കാരാണെന്നല്ല പറയുന്നത്. സത്യസന്ധരും നിഷ്‌കപടരുമുണ്ട്. അവര്‍ക്ക് പക്ഷെ, സേനയില്‍ സ്വാധീനം കുറവാകും.

ഐ.പി.എസ്സുകാര്‍ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് അടിമകളോടെന്ന പോലെയാണ്. പരമാവധി സാധാരണ പോലീസുകാരെ കണ്ണില്‍ ചോരയില്ലാതെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് നല്ലൊരു ശതമാനം ഐ.പി.എസ്സുകാരും. സ്വന്തം ഭാര്യയുടെയും മക്കളുടെയും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും പോലീസ് സേനയെ ഉന്നതസ്ഥാനീയരായ പോലീസ് ഓഫീസര്‍മാര്‍ പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യുന്നത് അങ്ങാടിപ്പാട്ടാണ്. പോലീസ് സേന രൂപീകരിച്ച കാലം മുതല്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകളാണിത്. പോലീസ് വാഹനങ്ങളും മറ്റു സൗകര്യങ്ങളും കുടുംബ കാര്യങ്ങള്‍ക്കു വേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്നത് ഐ.പി.എസ്സുകാരാണെന്ന് കാണാം. സമ്പന്നരുമായുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ബിസിനസ്സ് ബന്ധങ്ങളും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കലും സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കിയാല്‍ കാര്യങ്ങള്‍ അര്‍ക്കും നിസ്സംശയം ബോദ്ധ്യമാകും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ADGP ജിത്കുമാറിനെതിരെയും മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെതിരെയും ഇപ്പോഴത്തെ എസ്.പി ശശീധരനെതിരെയും പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഏത് ഗൗരവമുള്ള കേസുകളും ഒന്നുമല്ലാതാക്കാന്‍ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ഇവര്‍. ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാന്‍ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ തുറന്നുകാട്ടപ്പെടേണ്ടവരാണ്.

 

Leave a comment

Your email address will not be published. Required fields are marked *