കഴിഞ്ഞയാഴ്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയോ, അതോ മസനഗുഡി വഴി ഊട്ടിക്ക് പോയോ ? ; അന്‍വറിന്റെ ആരോപണങ്ങളില്‍ കെ എം ഷാജി

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി കെ എം ഷാജി രംഗത്ത്. പി വി അന്‍വര്‍ ഉന്നയിച്ചത് ഗുരുതരമായ വിഷയങ്ങളാണെന്നും അത് അങ്ങനെ ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്നതല്ലെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. ഇത് അന്‍വറിന്റെയോ മുഖ്യമന്ത്രിയുടെയോ പരിധിയില്‍ നില്‍ക്കുന്ന കേസല്ല, കേരളത്തിലെ ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമാണത്. മുഖ്യമന്ത്രിയെ കണ്ടുവന്ന അന്‍വര്‍ പത്രക്കാരോടാണ് ദേഷ്യപ്പെടുന്നത്. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറാണെന്ന് ഓര്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ കഴിഞ്ഞയാഴ്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയതായിരുന്നോ? അല്ലെങ്കില്‍ മസനഗുഡി വഴി ഊട്ടിക്ക് പോയോ? അന്‍വര്‍ ഈ പരാക്രമങ്ങള്‍ നടത്തുമ്പോള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ലായിരുന്നോ ഇവിടെയുണ്ടായിരുന്നത്? അദ്ദേഹമത് വിശദീകരിക്കണം. പരാതി കൊടുത്തതോടെ എന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. പരാതി കൊടുക്കാനായിരുന്നോ ജില്ലാ കളക്ടറുടെ ഓഫീസുമുന്നില്‍ പട്ടാപ്പകല്‍ ഇദ്ദേഹം കസേരയിട്ട് ഇരുന്നത്? ഇത് ആദ്യമേ ചെയ്യാമായിരുന്നല്ലോ? പാര്‍ട്ടിയും കമ്യൂണിസ്റ്റ് സര്‍ക്കാറും പാര്‍ട്ടി സെക്രട്ടറിയും പേനയും കടലാസും ഇവിടെ ഉണ്ടായിരുന്നല്ലോ? പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരമാണ് ഇദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ അതാണോ കമ്യൂണിസ്റ്റ് രീതി? പരസ്യമായി നാട്ടില്‍ പറഞ്ഞ് രഹസ്യമായി മുഖ്യമന്ത്രിയും സെക്രട്ടറിയുമായി കൂടിചേര്‍ന്ന് കോംപ്രമൈസ് ചെയ്യുന്നതാണോയെന്നും കെ എം ഷാജി ചോദിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..