മലയാള സിനിമയിലെ പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിട്ടുണ്ട്, സിനിമയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ഗ്രൂപ്പുണ്ട്: നടി സുമലത
ബെംഗളൂരു: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത. എല്ലാ ഇന്‍ഡസ്ട്രികളിലും പവര്‍ ഗ്രൂപ്പുകളുണ്ടെന്നും സുമതല പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അത് ഗൗരവത്തോടെ എടുക്കണമെന്നും സുമലത പറഞ്ഞു.
‘ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. ഇതെല്ലാം പരസ്യമായ രഹസ്യങ്ങളായിരുന്നു. ഇന്ന് ഒരുപാട് സ്ത്രീകള്‍ മുന്നോട്ട് വന്ന് അത് തുറന്ന് പറയുന്നു. ഞാന്‍ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. പക്ഷേ മലയാള സിനിമയില്‍ വളരെ പേടിപ്പെടുത്തുന്ന കഥകള്‍ കേട്ടിട്ടുണ്ട്. അവസരങ്ങള്‍ക്കായി സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉപദ്രവിക്കുമെന്നും കേട്ടിട്ടുണ്ട്. ചിലര്‍ ഉപദ്രവിക്കുന്നുവെന്ന് പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്ന് ഇതെല്ലാം തുറന്ന് പറയാന്‍ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന കാലമായിരുന്നെന്നും ഇന്നത് മാറിയെന്നും’ സുമലത പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘എനിക്ക് ഇത്തരം സംഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ അങ്ങനെ ഒരു സംഭവമേ നടക്കുന്നില്ല എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. മറ്റുള്ളവര്‍ പറയുന്ന കഥകള്‍ കേട്ടിട്ടുണ്ട്. സിനിമാ മേഖലയില്‍ ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുന്ന നടിമാരുടെ കതകില്‍ തട്ടുന്ന സംഭവമൊക്കെ ഞാന്‍ മുമ്പും കേട്ടിട്ടുള്ളതാണ്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായി പ്രതികരിക്കണം. എല്ലാ ഇന്‍ഡസ്ട്രികളിലും പവര്‍ ഗ്രൂപ്പുകളുണ്ട്. സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലുമില്ലേ അത്തരം ഗ്രൂപ്പുകള്‍? അതിലപ്പുറം സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങള്‍ കൊണ്ട് വരിക എന്നതാണ് പ്രധാനം അത് തെറ്റിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കണമെന്നും’ സുമലത വ്യക്തമാക്കി.