#news #Top Four

മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍

തൃശ്ശൂര്‍: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍- ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി എംപിയെ ലോക്സഭയിലേക്ക് അയക്കാനുള്ള സന്ദേശം കൈമാറാനായിരുന്നെന്ന് മുന്‍ എംപിയും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ മുരളീധരന്‍. തുടക്കം അവിടെ നിന്നായിരുന്നു. കൂടാതെ സിപിഐഎം ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറ വാടക 2 കോടിയായി ഉയര്‍ത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നുവെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Also Read; ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി

35 ലക്ഷം രൂപയായിരുന്ന തറവാടക പെട്ടെന്ന് 2 കോടിയാക്കി ഉയര്‍ത്തി. അതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ എംപിയായിരുന്ന ടി എന്‍ പ്രതാപന്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തത് താനായിരുന്നു. ഒരു കാരണവശാലും പൂരം മുടക്കാന്‍ കഴിയില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. രണ്ട് കോടി തറവാടക കൊടുത്ത് പൂരം നടത്തില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി യോഗം വിളിച്ച് 45 ലക്ഷത്തിന് തറവാടക നിശ്ചയിച്ച് ഇക്കാര്യം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു.

പൂരം കലക്കി ജനവികാരം ബിജെപിക്ക് അനുകൂലമാക്കിയെന്നും അതിന്റെ ഫലമായി സുരേഷ് ഗോപിയെ വിജയിപ്പിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. ആര്‍എസിഎസിനെ എതിര്‍ക്കുന്നവരാണ് എല്‍ഡിഎഫും യുഡിഎഫും. അത്തരത്തിലൊരു ആര്‍എസ്എസിന്റെ ഉന്നതനെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കാണാന്‍ പോകുമ്പോള്‍ ബോസായ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്. പ്രതിപക്ഷ നേതാവിന്റെ വാദം ശരിയാണ്. മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്. കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് ബിജെപി വിജയിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവെക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷല്ല മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫ് അവിടെയും ബിജെപിയെ വിജയിപ്പിച്ചേനെ. മുഖ്യമന്ത്രി ഇത്ര നെറികെട്ട രീതി സ്വീകരിക്കാന്‍ പാടില്ലായിരുന്നു. രാജിയില്‍ കുറഞ്ഞതൊന്നും ഈ പാപത്തിന് പരിഹാരമാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *