September 19, 2024
#kerala #Top Four

എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് അജിത് കുമാറും പി ശശിയും : പി വി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും വിടാതെ പി വി അന്‍വര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത് കുമാറും പി ശശിയുമാണെന്നാണ് അന്‍വര്‍ പറഞ്ഞത്.മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍.

Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂസിസി അംഗങ്ങള്‍

‘ആര്‍.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നെന്നും എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ നടപടിയെടുക്കാതിരുന്നതെന്ന് കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയതാണ്. അതിനാണിപ്പോള്‍ അന്‍വര്‍ മറുപടി പറഞ്ഞിരിക്കുന്നത്. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.’ -പി.വി. അന്‍വര്‍ പറഞ്ഞു.

‘സ്പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.’ -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’ -അന്‍വര്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *