January 22, 2025
#kerala #Top Four

എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും

തിരുവനന്തപുരം : എല്‍ഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എല്‍ഡിഎഫിന്റെ യോഗം. എംആര്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍ നിലപാട് വിശദീകരിക്കാന്‍ സാധ്യതയുണ്ട്. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതില്‍ നേരത്തെ എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. അതോടോപ്പം സര്‍ക്കാരിന്റെ പുതിയ മദ്യനയവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Also Read ; വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍

എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. എം.ആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തു. തൃശ്ശൂര്‍ പൂരം വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സിപിഐ ആവശ്യത്തിനും പരിഗണന ലഭിച്ചിട്ടില്ല.

ഇന്ന് മുന്നണി യോഗം ചേരുമ്പോള്‍ സിപിഐക്ക് പുറമേ ആര്‍.ജെ.ഡി അടക്കമുള്ളവര്‍ ഈ വിഷയം ഉന്നയിച്ചേക്കും. സംഘപരിവാര്‍ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും, ആര്‍എസ്എസിന്റെ പ്രധാനിയുമായി പോലീസ് തലപ്പത്തുള്ളയാള്‍ കൂടിക്കാഴ്ച നടത്തിയതില്‍ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നില്‍ സംശയത്തിന് ഇട നല്‍കിയിട്ടുണ്ടെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വാക്കുകളും യോഗത്തില്‍ വിമര്‍ശനത്തിന് വിധേയമായേക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *