#news #Top Four

ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും; ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

ബെംഗ്‌ളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന ഉരുള്‍പൊട്ടലില്‍ കാണാതായ അര്‍ജുനടക്കമുള്ളവരെ കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാര്‍ ഒരാഴ്ച കൂടി നീട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലില്‍ പങ്കുചേരും.

നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തും. ഗംഗാവലിപ്പുഴയില്‍ നിന്ന് ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്എല്‍ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കില്‍ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കില്‍ ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ നാവിക സേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഈശ്വര്‍ മാല്‍പെ ഇറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാര്‍ തടഞ്ഞു. അതിനാല്‍ ടാങ്കര്‍ ക്യാബിന്‍ കണ്ടെത്തിയ സ്ഥലത്താണ് മാല്‍പെ ഇറങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്വേഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങള്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇടപെടുകയും ജില്ലാ ഭരണകൂടത്തെ വിവരങ്ങള്‍ ആദ്യം അറിയിക്കണമെന്ന് പറയുകയും ചെയ്തു. ഇതോടെ മാല്‍പെ പിണങ്ങി ഇറങ്ങിപ്പോവുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *