ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണം വേണ്ട, ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍, നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Also Read ; ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ജാമ്യത്തില്‍ വിട്ടയച്ചു
അഞ്ച് വര്‍ഷം മുമ്പാണ് കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്ത് കഴിഞ്ഞിരുന്നു. അതിനാലാണ് സി.ബി.ഐ. അന്വേഷണം എന്ന ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ചില പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധത്തെ കുറിച്ച് കേരള പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയും അഭിഭാഷകന്‍ എം.ആര്‍ രമേശ് ബാബുവും ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവര്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്നാണ് വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ്് കോണ്‍സല്‍ സി.കെ ശശി എന്നിവരാണ് ഹാജരായത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ആയിരുന്നതിനാലാണ് വിചാരണ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാത്തതെന്ന് ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടി.