പി വി അന്‍വറിനുള്ള മറുപടിയും പാര്‍ട്ടി നടപടിയും ഇന്ന് ; എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നേരെ അന്‍വര്‍ തുടുത്ത ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുകയാണെന്നും എല്ലാ ആരോപണങ്ങള്‍ക്കുമുള്ള വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അന്‍വറിന്റെ നീക്കത്തില്‍ മുമ്പ് സംശയിച്ച കാര്യങ്ങള്‍ ശരിയായെന്നും അദ്ദേഹം പറയുകയുണ്ടായി. പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായിട്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.
Also Read ; പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, എല്ലാ ചോദ്യങ്ങള്‍ക്കും പിന്നീട് മറുപടി പറയും – മുഖ്യമന്ത്രി
ഡല്‍ഹി കേരള ഹൗസില്‍വെച്ചാകും എം വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുക. പോളിറ്റ്ബ്യൂറോ യോഗത്തിനായി ഡല്‍ഹിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. രാവിലെ 11 മണിക്കാണ് പോളിറ്റ്ബ്യൂറോ യോഗം. ഇതിന് ശേഷം സംസ്ഥാന നേതൃത്വം അന്‍വര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊണ്ടേക്കും. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണ് സിപിഎമ്മിന് ഔദ്യോഗികമായി ചെയ്യാനാകുന്ന നടപടി.
താന്‍ ഇനി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അന്‍വര്‍ ഇതിനോടകം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം അംഗമല്ലാത്ത അന്‍വര്‍ പാര്‍ട്ടിയുടെ സ്വതന്ത്ര എംഎല്‍എയാണ്. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് താന്‍ സ്വയം രാജിവെക്കില്ലെന്ന മറുപടിയാണ് അന്‍വര്‍ നല്‍കിയിട്ടുള്ളത്. കൂടാതെ എംഎല്‍എ സ്ഥാനവും രാജിവെക്കില്ലെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. സിപിഎം ആവശ്യപ്പെട്ടാലും അത് നടക്കാന്‍ പോകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം അന്‍വറിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുമോ എന്നതും കാത്തിരുന്ന് കാണാം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..