January 22, 2025
#kerala #Top Four

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കും – മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആശുപത്രിയിലെ ഓരോ ചികിത്സയുടെയും നിരക്ക് നേരിട്ടറിയാം. ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. സഭയില്‍ കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി.

Also Read ; ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

നേരത്തെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലര്‍ കോടതിയിലെത്തി സ്റ്റേ വാങ്ങി. രോഗികളുടെ ചികിത്സാരേഖകള്‍ അവരുടെ അനുവാദത്തോടെ ഡോക്ടര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാന്‍ ഇലക്ട്രോണിക് ഐ.ഡി. ഏര്‍പ്പെടുത്തിയപ്പോഴും ചിലര്‍ കോടതിയില്‍പ്പോയി. ഇല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഇവ നടപ്പാവുമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഇ-ഹെല്‍ത്ത് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തുമെന്നും 60 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രിക്കെട്ടിടങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍കോര്‍പ്പറേഷന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ആശുപത്രികളുടെ സ്ഥിരം രജിസ്‌ട്രേഷന്‍ കാലാവധി മൂന്നില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്താന്‍ ശുപാര്‍ശയുള്ള ബില്‍ നിയമസഭയിലെ ചര്‍ച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *