മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : കെ സുധാകരന്‍
തിരുവനന്തപുരം: മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി.
ദേശീയ ബാലവകാശ കമ്മീഷന്റെ ഈ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്.ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിര്‍ത്തലാക്കാനുള്ള തീരുമാനം. കേരളമുള്‍പ്പെടെ ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്.മത പഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മുസ്ലീം വിരുദ്ധ നടപടിയാണിത്. നാടിന്റെ ബഹുസ്വരതയെയും സൗഹൃദാന്തരീക്ഷവും തകര്‍ത്ത് ഏകശില ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്രസകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട ദേശീയ ബാലവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. ഇതിനെതിരെ ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































