January 22, 2025
#Crime #kerala

മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; രണ്ടാം ഭാര്യ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ഭാര്യയെ അറസ്റ്റു ചെയ്തു. അസമില്‍ നിന്നാണ് ഇവരെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. മുടവൂര്‍ തവള കവലയില്‍ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയില്‍ അസം സ്വദേശി ബാബുല്‍ ഹുസൈന്റെ മൃതദേഹം വീടിന്റെ ടെറസിന് മുകളില്‍ കണ്ടെത്തിയത്.

Also Read ; ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

കൊലപാതകമാണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്ന കേസില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്തറുത്താണ് മരണം ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നാലെ ബാബുലിന്റെ ഭാര്യയെ കാണാതായത് പോലീസിന്റെ സംശയങ്ങള്‍ വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ട്രാക്ക് ചെയ്ത പോലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബാബുല്‍ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂന്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്ഥിരമായി വഴക്കുണ്ടാക്കുന്നതും മര്‍ദ്ദിക്കുന്നതും സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം ആലുവയിലെത്തി ട്രെയിന്‍ മാര്‍ഗമാണ് അസമിലേക്ക് കടന്നതെന്നും ഇവര്‍ വിശദമാക്കി. ആസമില്‍ എത്തിയ യുവതി വീട്ടില്‍ പോകാതെ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഇഷ്ടിക കളത്തില്‍ ജോലി ചെയ്തു വരികെയാണ് പോലീസിന്റെ പിടിയിലായത്. സംഭവ സ്ഥലത്തെത്തിച്ച് യുവതിയുമായി പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി.കൊലയ്ക്കുപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉള്‍പ്പെടെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബാബുലിന്റെ രണ്ടാം ഭാര്യയാണ് സെയ്ദ.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *