ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീലകവറുകളില്‍ ; ആദ്യഘട്ടം കോട്ടയത്ത്
കോട്ടയം: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളെ തിരിച്ചറിയാനായി പ്രത്യേക നിറത്തിലുള്ള കവറുകളില്‍ നല്‍കണമെന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശം പ്രാവര്‍ത്തികമാകുന്നു. ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക നീലനിറത്തിലുള്ള കവറുകളിലാണ്. ഇത് ആദ്യമായി നടപ്പിലാക്കുന്നത് കോട്ടയത്താണ്. ഇതിന്റെ ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നീല കവറുകള്‍ നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം ആന്റിബയോട്ടിക് നല്‍കുന്ന കവറുകള്‍ക്ക് മുകളില്‍ സീല്‍ പതിച്ച് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും നോട്ടീസ് നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ലെന്ന സ്റ്റിക്കറും അന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ പതിപ്പിച്ചിരുന്നു.
Also Read; ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഈ മാസം 27ന് പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയല്‍ പ്രതിരോധ പോസ്റ്ററിന്റെയും കവറിന്റെയും സംസ്ഥാന തല വിതരണോദ്ഘാടനം കോട്ടയത്ത് നടക്കും. ഓള്‍ കേരള കെമിസ്റ്റസ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ പൊതുയോഗത്തിലാണ് പരിപാടി. അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എംപി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ.കെ സുജിത്കുമാര്‍ പ്രതിരോധ പോസ്റ്റര്‍, കവര്‍വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 27 മുതല്‍ കോട്ടയം ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും ആന്റിബയോട്ടിക്കുകള്‍ നീലക്കവറില്‍ നല്‍കി തുടങ്ങും. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിനുപുറമെ അവബോധ സന്ദേശങ്ങളും കവറില്‍ ഉണ്ട്. അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുമ്പിലും ബോധവത്ക്കരണ പോസ്റ്ററും പതിപ്പിക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..