#kerala #Top Four

നവീന്റെ മരണകാരണം വ്യക്തിഹത്യ, മാധ്യമങ്ങളെ വിളിച്ചുവരുത്തിയത് ആസൂത്രിതം ; ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍.ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Also Read; തൃശൂരില്‍ ഭിന്നശേഷിക്കാരന്റെ തട്ടുകടയിലേക്ക് ആടിന്റെ മാംസം തള്ളി സാമൂഹ്യവിരുദ്ധര്‍

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പറിയിച്ച പ്രതിഭാഗത്തോട്, ഒന്നര മണിക്കൂര്‍ സംസാരിച്ചില്ലേ, ഇനി അല്‍പ്പം കേള്‍ക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗണ്‍സിലിന്റെ പരിപാടിയില്‍ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയില്‍ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്.

പരാതിയുണ്ടെങ്കില്‍ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവര്‍ക്ക് പരാതി നല്‍കാമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ദിവ്യ പരാമര്‍ശിച്ച ഗംഗാധരന്റെ പരാതിയില്‍ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *