November 12, 2024
#kerala #Top Four

എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യം കോടതി തള്ളി. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്. നവീന്‍ ബാബുവിന്റെ മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. ദിവ്യക്കെതിരായ വിധി ആഗ്രഹിച്ചതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.

Also Read; രക്തസമ്മര്‍ദം ഉയര്‍ന്നു; പോലീസുകാരുടെ സാന്നിധ്യത്തില്‍ പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. എഡിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്.

പ്രോസിക്യൂഷന്‍ വാദം

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയര്‍ത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങള്‍ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു. അഴിമതി പരാതിയുണ്ടെങ്കില്‍ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാന്‍ ശ്രമിച്ചു. എഡിഎമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബര്‍ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടര്‍ പറഞ്ഞെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *