ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനകളെ നിരയായി അണിനിരത്തുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ വേണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
Also Read ; പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഇളവുതേടി ദേവസ്വം നല്‍കിയ ഉപഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് രാജഭരണ കാലം മുതലുള്ളതാണെന്ന വാദവും ജസ്റ്റിസ് എ.കെ. ജയ ശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ്പി. ഗോപിനാഥും അടങ്ങിയ ഡിവി ഷന്‍ ബെഞ്ച് തള്ളി. തുടര്‍ന്ന് ഇപ്പോള്‍ രാജഭരണമല്ലെന്നും നിയമവാഴ്ചയാണെന്നും കോടതി പറഞ്ഞു.
ആനകളെ എഴുന്നള്ളിക്കുന്നതില്‍ ദൂരം നിശ്ചയിച്ചത് ഏകപക്ഷീയവും അശാസ്ത്രീയവുമാണെന്നാണ് ഉപഹര്‍ജിയിലെ പ്രധാനവാദം. എന്നാല്‍ ഇക്കാര്യം വെറുതെ പറഞ്ഞാല്‍ പോരെന്നും ഇത് വ്യക്തമാക്കുന്ന രേഖകള്‍ വേണമെന്നും നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.
വര്‍ഷങ്ങളായി 15 ആനകള്‍ ഉണ്ട് എന്നതും ഇളവിന് പരിഗണിക്കാനാകില്ല. അനിവാര്യമായ മതപരമായ ആചാരമാണെങ്കില്‍ മാത്രമേ ആചാരത്തിന്റെ ഭാഗമാകൂ. രാജഭരണകാലത്ത് ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണവും ഇന്നെത്തുന്നവരുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുണ്ട്. കാലങ്ങളായി നടക്കുന്നത് എന്നെങ്കിലും നിര്‍ത്തേണ്ടേ? കോവിഡ് കാലത്ത് ആനകളുടെ എണ്ണം എങ്ങനെയാണ് കുറച്ചതെന്നും കോടതി ചോദിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..