സ്വര്‍ണക്കവര്‍ച്ച കേസ്; ഡ്രൈവര്‍ അര്‍ജുന്റെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധമില്ലെന്ന് പോലീസ്, മകനെ കൊന്നത് തന്നെയെന്ന് അച്ഛന്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകട മരണകേസുമായി ബന്ധമില്ലെന്ന് പോലീസ്. സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായ അര്‍ജുന്‍.
അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്നതുകൊണ്ട് തന്നെ ആ ദിശയില്‍ പുതിയ അന്വേഷണത്തിനും ഇപ്പോള്‍ സാധ്യത ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ അര്‍ജുന്റെ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌ക്കറിന്റെ കുടുംബം പരസ്യമായി പ്രതികരിച്ചിരുന്നു. ഒക്ടോബറിലാണ് ബാലഭാസ്‌ക്കര്‍ മരിച്ച് 6 വര്‍ഷം പൂര്‍ത്തിയായത്. അന്ന് മുതല്‍ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പല ചോദ്യങ്ങളും ദുരൂഹമായി തുടരുന്നതിനിടെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലാവുന്നത്. മൂന്നരക്കിലോയോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് അര്‍ജുന്‍ അറസ്റ്റിലാവുന്നത്.
അതേസമയം അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും മകനെ കൊന്നത് തന്നെയാണെന്നും ആരോപിച്ച് ബാലഭാസ്‌കറിന്റെ പിതാവ് രംഗത്തെത്തി. അറസ്റ്റിലായ അര്‍ജുന്‍ പല കേസുകളിലും പ്രതിയായിരുന്നെന്നും.ഇതെല്ലാം അപകടത്തിന് ശേഷമാണ് അറിയുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. അര്‍ജുന്റെ അറസ്റ്റോടെ മകന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..