ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു
പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണ വന്‍ ഭക്തജന തിരക്ക് തുടരുന്നു. വെള്ളിയാഴ്ച മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 82,727 തീര്‍ത്ഥാടകരാണ്. അതേസമയം ഇത്തവണത്തെ ആദ്യ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 കോടിയാണ് ഇത്തവണ വരുമാനം വര്‍ധിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ്ങിലും ഇത്തവണ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമര്‍പ്പിക്കാന്‍ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്ന് മണി മുതല്‍ ദീപാരാധന വരെയാണ് നെയ് വിളക്ക് സമര്‍പ്പിക്കാന്‍ അവസരം. ഒരു നെയ് വിളക്കിന് 1000 രൂപയാണ് ചാര്‍ജ്.
Also Read ; സമ്മേളനം വീടിനടുത്ത് എന്നിട്ടും സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്‌നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി തുടങ്ങുമെന്നും മഞ്ഞള്‍പ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം 63,01,14111 രൂപ വരുമാനം ലഭിച്ചു. 15,89,12575 രൂപ കൂടുതല്‍ ലഭിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..