December 4, 2024
#Others

ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അപകടത്തിന് കാരണമായെന്ന് ആര്‍ടിഒ

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എ കെ ദിലു പറഞ്ഞു. വാഹനത്തിലെ ഓവര്‍ലോഡ്,വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു.

Also Read ; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു. തെറിച്ചുപോയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകും. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണ്.

റെന്റ് എ കാബ് സൗകര്യം കേരളത്തിലുണ്ട്. അത് നിയമപരമായിട്ടുള്ളതാണ്. എന്നാല്‍, ഇത് അങ്ങനെ അല്ല. സ്വകാര്യ വാഹനം വിട്ടുകൊടുത്തതാണ്. ഇന്‍ഷുറന്‍സ് ഉള്ള വണ്ടിയാണ്. 14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാല്‍ തന്നെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാല്‍ തന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീല്‍ ലോക്കായി. അങ്ങനെ സംഭവിച്ചാല്‍ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും. പഴയ വണ്ടിയായതിനാല്‍ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും.

വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാല്‍, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡില്‍ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഇക്കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വന്നാലും ഇടത്തേക്ക് നീങ്ങാനുള്ള സമയം ഉണ്ടായിരുന്നു. റോഡില്‍ വെളിച്ചത്തിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു.അപകടം നടന്ന സ്ഥലം അപകട സാധ്യതയുള്ള സ്ഥലമാണെന്നും,സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി എ.സുനില്‍ രാജ് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *