ആലപ്പുഴ അപകടം ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം മെഡിക്കല്‍ കോളേജില്‍
ആലപ്പുഴ: വലിയ സ്വപ്‌നങ്ങളുമായി പടികേറി വന്നവര്‍ തിരികെ പോകുന്നത് സ്വപ്‌നങ്ങള്‍ സഫലീകരിക്കാതെ ചേതനയറ്റ ശരീരവുമായി. അപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് ക്യാമ്പസിലേക്ക്. അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.
Also Read ; ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അപകടത്തിന് കാരണമായെന്ന് ആര്‍ടിഒ
പാലക്കാട് സ്വദേശി ശ്രീദീപ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. മരിച്ച ദേവനന്ദന്റെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ ശേഖരിപുരം സ്വദേശി വല്‍സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദീപ്. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നുപൊതുദര്‍ശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാര്‍ഥിയുടെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ നടക്കും.
ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































