മോഷ്ടാവ് ക്യാമറ തിരിച്ചുവെച്ചത് പോലീസിന് ഗുണമായി, കഷണ്ടി കണ്ടതോടെ ആളെ മനസിലായി, വളപട്ടണം മോഷ്ടാവിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടിയതിങ്ങനെ…

കണ്ണൂര്‍ വളപട്ടണത്ത് അരി വ്യാപാരി കോറല്‍വീട്ടില്‍ കെ പി അഷ്‌റഫിന്റെ വീട്ടില്‍ കഴിഞ്ഞ മാസം 20 ന് നടന്ന മോഷണം വലിയ വാര്‍ത്താപ്രാധാന്യം നേടി. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് മോഷ്ടാവ് കവര്‍ന്നത്. മോഷ്ടാവ് മാറ്റാരും ആയിരുന്നില്ല. അയല്‍വാസിയായ വെല്‍ഡിംഗ് തൊഴിലാളി ലിജേഷ് ആയിരുന്നു. അതുകൊണ്ട് തന്നെ പണവും സ്വര്‍ണവും സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ ലിജേഷിന് ഒരുപണിയും ഉണ്ടായിരുന്നില്ല. ലോക്കറിനെക്കുറിച്ച് കൃത്യമായി ധാരണ ഉള്ള ആള്‍ക്ക് മാത്രമെ ഒരുകേടുപാടും വരാതെ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ആദ്യം ഒരു താക്കോല്‍ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണ് ലോക്കര്‍ തുറക്കുക. ഇതേരീതിയില്‍ തന്നെയായിരുന്നു ലോക്കര്‍ തുറന്നത്.
വീടിന്റെ ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റാനും ലിജേഷിന് കൂടുതല്‍ സമയം വേണ്ടിവന്നില്ല. അകത്തുകയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പ് മുറിയിലെ ഒരു അലമാരയില്‍ നിന്ന് മറ്റൊരു അലമാരയുടെ താക്കോല്‍ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ തക്കോല്‍ ലഭിച്ചത്. മരത്തിന്റെ അലമാരയുടെ അകത്തായിരുന്നു ലോക്കര്‍. ലോക്കര്‍ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധനായിരുന്നു ലിജേഷ്. അത് കൊണ്ട് തന്നെ 15 കൊല്ലം പഴക്കമുള്ള ലോക്കര്‍ അനായാസം തുറക്കാന്‍ കഴിഞ്ഞു. ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും അവിടെ നിന്നെടുത്ത രണ്ട് ചാക്കിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതാകട്ടെ തന്റെ വീട്ടിലുള്ളവര്‍ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് കൊണ്ടുപോയത്.
നവംബര്‍ 20 ന് രാത്രി 8 മണിക്കും 8.45 നും ഇടയിലായിരുന്നു മോഷണം. സി സി ടി വിയില്‍ പാന്റ്‌സ് ധരിച്ച ആളെയായിരുന്നു കണ്ടത്. അഷ്‌റഫിന്റെ വീട്ടിലെ സി സി ടി വിയില്‍ അന്ന് രാത്രി 9. 30 ന് ലിജേഷ് മുണ്ടുടുത്ത് റോഡിലൂടെ പോകുന്ന ദൃശ്യമുണ്ട്. അത് താനാണെന്നും മരുന്ന് വാങ്ങാന്‍ പോയതാണെന്നും പോലീസിനോട് പറഞ്ഞിരുന്നു. ലിജേഷ് പൊതുവെ പാന്റ് ധരിക്കാറില്ല. ലിജേഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സേര്‍ച്ച് ഹിസ്റ്ററിയില്‍ അധികവും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതെല്ലാം അന്വേഷണത്തില്‍ നിര്‍ണായകമായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മോഷണം നടന്ന അന്നും അടുത്ത ദിവസവും രാത്രി മുതല്‍ അടുത്ത ദിവസം രാവിലെ 10 വരെ ഫോണിലേക്ക് കോളൊന്നും വന്നിരുന്നില്ല. ട്രാവല്‍ ഹിസ്റ്ററി കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു. മൊബൈല്‍ ഫ്‌ലൈറ്റ് മോഡില്‍ ഇട്ടതായിരുന്നു. മോഷണ ദിവസം ധരിച്ച വസ്ത്രം അന്ന് രാത്രി തന്നെ വീടിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി കത്തിച്ചതായി ലിജേഷ് പോലീസിനോട് പറഞ്ഞു. ഏഴ് സി സി ടി വി ക്യാമറകളാണ് ഉണ്ടായിരുന്നത്. വീടിന്റെ ഇടത് ഭാഗത്തുള്ള രണ്ട് ക്യാമറകളും തിരിച്ചുവച്ചു. എന്നാല്‍ രണ്ടാമത്തെ ക്യാമറ തിരിച്ചുവച്ചത് ലിജേഷിന് പണിയായി. വീടിന്റെ അകത്തെ ദൃശ്യങ്ങള്‍ പതിയുന്ന വിധമായിരുന്നു. ഈ ക്യാമറയുടെ സമീപത്തുള്ള ജനലിന്റെ ഗ്രില്‍ എടുത്തുമാറ്റി അകത്ത് കടന്ന ലിജേഷിന്റെ ദൃശ്യം പുറത്തെ ക്യാമറയില്‍ പതിയുന്നുണ്ടായിരുന്നു. ജനല്‍ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയതോടെ മോഷാടാവിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും ക്യാമറയില്‍ പതിഞ്ഞു. ശരീര ഘടനയും രൂപവും വ്യക്തമായി. ഈ ദൃശ്യം പോലീസിന് സഹായകമായി. ഇതോടെ, വലിയ തയ്യാറെടുപ്പുകളോടെ കൃത്യമായ പദ്ധതികളോടെ ലിജേഷ് നടത്തി മോഷണത്തിന്റെ ചുരുളഴിഞ്ഞു. ഏതൊരു മോഷ്ടാവും ഒരു തുമ്പ് അവശേഷിപ്പിക്കുമെന്ന് പോലീസിന് അറിയാമായിരുന്നു. ആ തുമ്പാകട്ടെ, മോഷ്ടാവ് ക്യാമറ സ്വന്തം മുഖത്തേക്ക് തിരിച്ചുവെച്ചുകൊണ്ടുള്ള യമണ്ടന്‍ മണ്ടത്തരവും.