സംഭലിലേക്ക് പോയ രാഹുലിനെ തടഞ്ഞു; ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും ബസ് കുറുകെയിട്ടും പോലീസ്

ഡല്‍ഹി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പോലീസ്. രാഹുല്‍ ഗാന്ധിയും നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും പോലീസ് ബസ് കുറുകെയിട്ടുമാണ് രാഹുലിനെ പോലീസ് തടഞ്ഞത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.
രാവിലെ ഒമ്പതരയോടെയാണ് ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയില്‍ എത്തിയെങ്കിലും പോലീസ് തടഞ്ഞു. പോലീസിന്റെ നിയന്ത്രണത്തെ തുടര്‍ന്ന് ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
രാഹുലിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘര്‍ഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാര്‍ട്ടി, യുപി കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു. കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിനൊപ്പമുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പായി രാവിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ രാഹുലിന് പിന്തുണ അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..