December 11, 2024
#news #Top Four

‘ടീകോമില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കണം, കരാര്‍ ലംഘിച്ചിട്ടും നഷ്ടപരിഹാരം നല്‍കുന്നത് അഴിമതി’: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: കരാര്‍ ലംഘിച്ചിട്ടും കമ്പനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന പങ്കാളിയായ ടീകോം കമ്പനിക്കെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ അവര്‍ പറ്റിച്ചു. എന്നിട്ടും സര്‍ക്കാര്‍ ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

‘പാട്ടക്കരാറിലെ വ്യവസ്ഥകള്‍ മുഴുവന്‍ ലംഘിച്ച സാഹചര്യത്തില്‍ എത്രയും വേഗം ടീകോം കമ്പനിയില്‍ നിന്ന് 206 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണം എന്നാണ് വ്യവസായ മന്ത്രിയോട് പറയാനുള്ളത്. അതിന് യാതൊരു തടസവുമില്ല. കരാര്‍ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും അത് മനസിലാകും. എന്തുകൊണ്ട് ഇതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പകരം വ്യവസ്ഥകള്‍ ലംഘിച്ച കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് അഴിമതിയാണ്. കമ്പനിയില്‍ നിന്ന് ഭൂമി തിരിച്ചുപിടിച്ച ശേഷം അത് എന്തുചെയ്യണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കണം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

90,000പേര്‍ക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞാണ് ടീകോം കേരളത്തെ കബളിപ്പിച്ചത്. ഈ കമ്പനിയുടെ എംഡിയായി പ്രവര്‍ത്തിച്ചിരുന്ന ബാജി ജോര്‍ജിനെ നഷ്ടപരിഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിലും ദുരൂഹതയുണ്ട്. അതിനാല്‍, സര്‍ക്കാര്‍ എത്രയും വേഗം മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണം. പാട്ടക്കരാറും മറ്റ് വ്യവസ്ഥകളും അനുസരിച്ച് സ്വത്തും ഭൂമിയും തിരിച്ചുപിടിക്കണം’ എന്നും ചെന്നിത്തല പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *