December 11, 2024
#kerala #Top Four

എം കെ രാഘവനെ തടഞ്ഞതില്‍ നടപടി; കണ്ണൂര്‍ കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി, കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍

കണ്ണൂര്‍: കണ്ണൂരില്‍ കൂട്ട രാജിക്കൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. എം കെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തടഞ്ഞതിനെ തുടര്‍ന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടര്‍ന്നാണ് കണ്ണൂര്‍ കോണ്‍ഗ്രസിലെ അന്തരീക്ഷം കലുഷിതമായത്. ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കല്യാശ്ശേരി-പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് തീരുമാനം. ഇതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മാടായി കോളേജില്‍ എംകെ രാഘവന്‍ എം പി കോഴ വാങ്ങി നിയമനം നടത്തിയെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധവും നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് നാല് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. തീരുമാനം നടപ്പിലാവാതെ വന്നതോടെയാണ് പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങുന്നത്.

Also Read ; എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയതിലെ തര്‍ക്കം ; മധ്യസ്ഥ ചര്‍ച്ച പരാജയം

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നേരത്തെ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാപ്പടാന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ വി സതീഷ് കുമാര്‍, കെ പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് കണ്ണൂര്‍ ഡിസിസി അറിയിച്ചത്.

 

കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മാടായി കോളേജില്‍ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയര്‍മാന്‍ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *