മാടായി കോളേജ് നിയമനം ; കെപിസിസി ഇടപെടല്‍ തേടി ഡിസിസി കത്ത് നല്‍കി, പരാതിയുമായി എംപിയും രംഗത്ത്
കണ്ണൂര്‍ : കണ്ണൂര്‍ മാടായി കോളേജിലെ എം കെ രാഘവന്‍ എംപിയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിന് തലവേദനയാകുന്നു. കോളേജ് ചെയര്‍മാന്‍ കൂടിയായ എംപി സ്വന്തം ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് പ്രദേശത്തെ പാര്‍ട്ടി രണ്ട് തട്ടിലാകാന്‍ കാരണമായത്. വിവാദം കത്തികയറിയതോടെ കണ്ണൂര്‍ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി. പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നുമാണ് ഡിസിസി വിശദീകരണം. കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും സംഘടന ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.
രാഘവന് എതിരായ പ്രതിഷേധിച്ചതിന് പയ്യന്നൂരില്‍ നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഡിസിസി അധ്യക്ഷനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ നിലപാടിനെതിരെ എം.കെ രാഘവന്‍ എംപിയും എഐസിസി, കെപിസിസി നേതൃത്വങ്ങളെ പരാതി അറിയിച്ചു. ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് രാഘവന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.
കോളേജിലെ അനധ്യാപക തസ്തികയില്‍ കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം. എംപിയുടെ ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നല്‍കിയത് കൂടുതല്‍ പ്രകോപനമായി. ഇതില്‍ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കള്‍ക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ കലുഷിതമായി. രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം ഒന്നടങ്കം രാജിവച്ചിരുന്നു. അതിനിടെ ഇന്നലെ വൈകിട്ട് കുഞ്ഞിമംഗലത്തെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോലം കത്തിച്ചു. പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷ മുദ്രാവാക്യവും മുഴക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































