എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന് ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല്
കൊച്ചി: വയനാട് ദുരന്തത്തില്‍ ദുരന്തവേളയില്‍ എയര്‍ലിഫ്റ്റിങ് ചെയ്തതിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. എയര്‍ലിഫ്റ്റിങ് ചെയ്ത വകയില്‍ കേന്ദ്രം ചോദിച്ചത് 132.62 കോടി രൂപയാണെന്നും എന്നാല്‍ ഇതില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും കോടതി പറഞ്ഞു. കൂടാതെ 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Also Read ; എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..