ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന

ശബരിമല: ശബരിമലക്ക് വേണ്ടി മാത്രമായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാര്‍ത്തകളും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് നേരിട്ട് എത്തിക്കാനായാണ് പുതിയ ചാനല്‍ ആരംഭിക്കുക. തിരുപ്പതി മോഡലില്‍ വാര്‍ത്ത സംവിധാനം സജ്ജമാക്കുന്നതിനെ സംബന്ധിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായി ആലോചിക്കുന്നത്.
മണ്ഡല – മകരവിളക്ക് കാലയളവിലും മാസപൂജ വേളകളിലുമടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന പൂജകളും ആചാരപരമായ കാര്യങ്ങളും എല്ലാ ഭക്തരിലേക്കും കൃത്യതയോടെ എത്തിക്കുക എന്നതാണ് ചാനല്‍ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വമ്പന്‍ കമ്പനികളില്‍ നിന്നുമുള്ള കോടികളുടെ പരസ്യ വരുമാനവും ചാനല്‍ മുഖേനെ ബോര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചാനല്‍ യാഥാര്‍ത്ഥ്യമാക്കാനാണ് നീക്കം. ചാനല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംരംഭകര്‍ താല്‍പര്യം അറിയിച്ച് രംഗത്ത് വന്നിട്ടുള്ളതായും വിശദമായ കൂടിയാലോചനക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..