മാര്‍ക്കുകള്‍ വാരിക്കോരി നല്‍കില്ല; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റത്തിന് വിദ്യഭ്യാസ വകുപ്പ്
തിരുവനന്തപുരം: കുട്ടികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി എല്ലാവരേയും പാസാക്കി വിടുകയാണെന്നത് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന പ്രധാന ആക്ഷേമാണ്. ഈ വിമര്‍ശനം ശക്തമായി ഉയര്‍ന്നതോടെ പാസാകാന്‍ മിനിമം മാര്‍ക്ക് എന്ന നിബന്ധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്ലാവരേയും പാസാക്കിവിടുന്നുവെന്ന പേരുദോഷം മാറ്റാന്‍ ഇപ്പോഴിതാ സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ നടത്തിപ്പിന്റെ രീതി തന്നെ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
ഹൈസ്‌കൂള്‍ പരീക്ഷ പരിഷ്‌കരിക്കാനുള്ള എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു കൈമാറും. ഇനിമുതല്‍ അധ്യാപകപരിശീലനത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതും ഉള്‍പ്പെടുത്തും. ചോദ്യപേപ്പര്‍ കൂടുതല്‍ കടുപ്പിക്കാനാണ് തീരുമാനം. ലളിതമായത്, ഇടത്തരം, ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേര്‍തിരിക്കാനാണ് പദ്ധതി. എഴുത്ത് പരീക്ഷയില്‍ മിനിമം 30 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ മാത്രമേ പാസാക്കുകയുള്ളൂ. ഈ വര്‍ഷം തന്നെ എട്ടാം ക്ലാസില്‍ പദ്ധതി നടപ്പിലാക്കും. അടുത്ത വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും പദ്ധതി വ്യാപിപ്പിക്കും.
നിരന്തര മൂല്യനിര്‍ണയത്തില്‍ 20 മാര്‍ക്ക് ലഭിച്ചാലും എഴുത്ത് പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും. പഠിച്ചവിഷയത്തില്‍ അവഗാഹമുള്ളവര്‍ക്കുമാത്രം എഴുതാവുന്നവിധത്തില്‍ 20 ശതമാനം ചോദ്യം ‘ഉന്നതനിലവാര’ത്തിലായിരിക്കും. സാമാന്യജ്ഞാനമുള്ളവര്‍ക്ക് എഴുതാവുന്നരീതിയില്‍ 30 ശതമാനം ലളിതമായിരിക്കും. ബാക്കിയുള്ളവ ‘ഇടത്തര’വും.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞാല്‍ മാതൃകാ ചോദ്യപ്പേപ്പര്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന്, ഇത്തവണ എട്ടാംക്ലാസില്‍ പുതിയ ചോദ്യാവലി പരീക്ഷിക്കും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍ അടുത്തവര്‍ഷമേ വരൂവെന്നതിനാല്‍, അപ്പോള്‍ മുതല്‍ക്കേ പരീക്ഷാപരിഷ്‌കാരം പൂര്‍ണമായി നടപ്പിലാക്കുകയുള്ളൂ.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..