#kerala #Politics #Top Four

‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സുപ്രഭാതം പത്രം. ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് ഇത്തരത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Also Read ; ‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുകയാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം പറയുന്നതാവരുത് സിപിഎമ്മിന്റെ ലക്ഷ്യം. ഇസ്ലാമോഫോബിയ വളര്‍ത്തുന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യും. വിജയരാഘവന്‍മാരെ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒലിച്ചു പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.

ബിജെപിയെ പോലെ പരസ്യമായി സിപിഎം നേതാക്കളും ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയാണ്. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത്. എ വിജയരാഘവന്റെ പരാമര്‍ശം സംഘപരിവാര്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്റേയും ബഹിര്‍സ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. പിണറായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ ആരോപിച്ചിരുന്നു. അതേസമയം വയനാട് പരാമര്‍ശത്തില്‍ വിമര്‍ശനം കടുക്കുമ്പോഴും നിലപാട് ആവര്‍ത്തിക്കുകയാണ് എ. വിജയരാഘവന്‍. രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത് കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്ന് വിജയരാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *