ഉമ തോമസിന്റെ അപകടം ; പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്തിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായുള്ള നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിനുണ്ടായ അപകടത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് ഇന്ന് ഫയര്‍ഫോഴ്സ് മേധാവിക്ക് കൈമാറും. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Also Read ; അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കബറടക്കി
അതേസമയം സ്റ്റേഡിയത്തില്‍ സ്റ്റേജ് നിര്‍മിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു. പരിപാടി നടത്താന്‍ മാത്രമാണ് സ്റ്റേഡിയം തുറന്ന് കൊടുത്തതെന്നും വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജ് എന്നാണ് സംഘാടകര്‍ പറഞ്ഞതെന്നുമാണ് ഇവര്‍ വിശദീകരിക്കുന്നത്.
ഉറപ്പുള്ള ബാരിക്കേറ്റുകള്‍ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷ നടപടി. സ്റ്റേജുകള്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ളതാണെങ്കില്‍ 1.2 മീറ്റര്‍ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകള്‍ വശങ്ങളില്‍ സ്ഥാപിക്കണം എന്നാണ് ചട്ടം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. കലൂരില്‍ ഇത് രണ്ടും ഉണ്ടായിട്ടില്ലെന്ന് ഫയര്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടുവെന്നും ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തകരോ ഡോക്ടര്‍മാരെ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പുല്‍ത്തകടിയില്‍ നടത്താന്‍ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജന്‍സികളെ അറിയിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് പോലീസും ഫയര്‍ഫോഴ്സും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് എംഎല്‍എ അപകട നില തരണം ചെയ്‌തെങ്കിലും ഗുരുതരാവസ്ഥയിലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുകയാണ്. തലച്ചോറിലും ശ്വാസകോശത്തിലുമേറ്റ പരുക്ക് ഗുരുതരമാണ്. രണ്ടിടത്തും കട്ടപിടിച്ച് കിടക്കുന്ന രക്തം പുറത്തേക്ക് എടുക്കേണ്ടതുണ്ട്. തലച്ചോറിനേറ്റ ആഘാതം എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമല്ല. എന്നാല്‍ ശ്വാസകോശത്തിനേറ്റ പരുക്ക് മരുന്നുകളിലൂടെയും വ്യായാമത്തിലൂടെയും മറികടക്കാനാവുന്നതാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..