കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം നാലായി
ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
മാവേലിക്കര സ്വദേശി ബിന്ദു നാരായണന്‍, അരുണ്‍ ഹരി, രമ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്.
ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പാല മാര്‍സ്ലീവ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ കാലപഴക്കം, ഫിറ്റ്നസ് എന്നിവ പരിശോധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടം സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തഞ്ചാവൂരില്‍ നിന്ന് തിരികെ മാവേലിക്കരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മാവേലിക്കരയില്‍ എത്തേണ്ട ബസാണിത്. ആറര മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കുള്ളവരെ പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം താഴേക്ക് പതിച്ച ബസ് ഒരു മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. 30 അടി താഴ്ചയിലാണ് ബസ് മരത്തില്‍ തങ്ങി നിന്നത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം എന്ന് ഡ്രൈവര്‍ പറഞ്ഞതായാണ് വിവരം.