മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും
വയനാട്: വയനാട് മുള്ളന്‍കൊല്ലിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാന പിടിയില്‍. കൂട്ടം തെറ്റിയെത്തിയതാണ് ആനയെന്നാണ് പ്രാഥമിക നിഗമനം. ആര്‍ആര്‍ടി സംഘമാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയുടെ ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണുള്ളത്. കടുവ ഓടിച്ചപ്പോള്‍ ഉണ്ടായ പരിക്ക് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയെ തോല്‍പ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെയെത്തി വിദഗ്ധ ചികിത്സ നല്‍കും.
Also Read ; ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന
അതേസമയം ഇന്നലെ രാത്രി മുതല്‍ ആന പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ വീടുകളുടെ സമീപത്തേക്കും ഓടിയെത്തുന്നുണ്ടായിരുന്നു. കുട്ടിയാനയുടെ കാലില്‍ മാത്രമല്ല, തുമ്പിക്കൈയിലും പരിക്കുണ്ട്. കാട്ടിലേക്ക് തുരത്താന്‍ ആര്‍ആര്‍ടി സംഘം ശ്രമിക്കുന്നതിനിടെയാണ് പരിക്ക് ശ്രദ്ധയില്‍പെട്ടത്. കാപ്പിത്തോട്ടത്തില്‍ വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു വീട്ടിലേക്ക് ആന ഓടിക്കയറി. മതിലുള്ള വീടായതിനാല്‍ മറ്റെങ്ങോട്ടും ഓടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ വളരെ സമയത്തെ നിരീക്ഷണത്തിന് ശേഷമാണ് ആനയെ പിടികൂടിയത്. മികച്ച ചികിത്സ നല്‍കി പരിക്ക് ഭേദമാക്കിയതിന് ശേഷം പുനരധിവാസം നടത്താനാണ് ആര്‍ആര്‍ടി അധികൃതരുടെ തീരുമാനം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..